2012, നവംബർ 22, വ്യാഴാഴ്‌ച

കൂറഗുളിക ചരിതം രണ്ടാം ഖണ്ഡം



                                                                     ഇതാണ് കൂറ , നിങ്ങളില്‍ പലരും പാറ്റ എന്നോ, മറ്റു പല പേരുകളിലോ വിളിക്കുന്നു. കേരളം ഒരു ചെറിയ സംസ്ഥാനം ആണേലും 14 ജില്ലകളിലും പലപേരിലാണല്ലോ എല്ലാം അറിയപെടുക . എന്തായാലും ഞാന്‍  ഇതിനെ നിങ്ങളുടെ സമ്മതത്തോടെ കൂറ എന്ന് വിളിക്കുന്നു. ഞാനെന്തു വിളിച്ചാലും നിങ്ങളെല്ലാവരും കൂറയെ കണ്ടിരിക്കും എന്ന് വിചാരിക്കുന്നു. പ്രവാസികളോടാണേല്‍ ചോദിക്കേണ്ട ആവിശ്യമേ ഉണ്ടാവില്ല. ഞങ്ങളെല്ലാം  കൂറകളുടെ സംസ്ഥാന സമ്മേളനം കണ്ടവരാണ്.നമ്മുടെ രാക്ഷ്ട്രീയക്കാര്‍ക്ക്  ഒരു സംസ്ഥാന സമ്മേളനം നടത്തി വിജയിപ്പിക്കാന്‍  എന്റെ പഴയ  റൂമില്‍  ഉണ്ടായിരുന്ന കൂറകള്‍ മതിയായിരിന്നു. പ്രവാസ ജീവിതം തുടങ്ങി കിട്ടിയ അലമാര തുറന്നു നോക്കിയപ്പോള്‍ അതില്‍ ഏറ്റവും ചുരുങ്ങിയത്‌ പയിനായിരത്തൊന്നു കൂറയെങ്കിലും  ഉണ്ടായിരിന്നു. ഇത്രയും കേട്ടസ്ഥിതിക്കും, മലയാളി എന്ന നിലക്കും ഇതൊരു പ്രവാസികഥയാവും  എന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചു കാണാന്‍ വഴിയുണ്ട്,പക്ഷെ ഇതൊരു ഇന്ത്യന്‍ കഥയാണ്‌. കഥയെന്നു പറയാന്‍ പറ്റില്ല ശരിക്കും നടന്ന സംഭവമാണ്.

                         അപ്പോള്‍ ക്യാമറ നേരെ കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ചാലിശ്ശേരി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലേക്ക് പോകാം. കഥ ഫ്ലാഷ്ബാക്ക് ആണ്. ഏകദേശം 13 വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ പ്ലസ്‌ വണ്‍ പഠനകാലസമയം. ഞങ്ങള്‍ 6 പേരായിരുന്നു കൂട്ടുകാര്‍...., എല്ലാവര്‍ക്കുംഅവരവരുടെ കയ്യിലിരിപ്പുവച്ചുള്ള ഇരട്ടപേരുകള്‍ ഉണ്ടായിരിന്നു. സ്വന്തം പേരിനെക്കള്‍ കൂടുതല്‍ ആ പേരിലായിരിന്നു എല്ലാവരും  അറിയപെട്ടിരുന്നത്.എന്റെ കൂട്ടുകാരെ പരിച്ചയപെടുതുകയാനെങ്കില്‍  ആദ്യം നമുക്ക് അലമ്പനെ  പരിചയപെടാം. സത്യംപറഞ്ഞാല്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും നിഷ്കളങ്കന്‍ ഇവനായിരുന്നെങ്കിലും എവിടേലും എന്തേലും പ്രശ്നം ഉണ്ടേല്‍ അതുപോയി സ്വന്തം തലയിലാക്കാന്‍ നല്ല മിടുക്കനാണ്. അതുകൊണ്ട് ഞങ്ങളവനെ സ്നേഹത്തോടെ അലമ്പാ എന്ന് വിളിക്കും. രണ്ടാമന്‍ ,ഏതു പെണ്ണിനെ കണ്ടാലും കുറച്ചുദിവസത്തേക്ക് അവളാണ് അവന്റെ കാമുകി. ഇതുകേട്ട് നിങ്ങള്‍ അവനെ ഒരു ശ്രീകൃഷ്ണനായി കാണാന്‍ വരട്ടെ. ഈ കാമുകീ സങ്കല്പം അവന്റെ മനസ്സില്‍ മാത്രമേ കാണൂ. ഒരു പെണ്ണും അവനെ കാമുകനായി കാണാറേയില്ല അതിനാല്‍ അവനെ ഞങ്ങളിട്ട പേര് ഓന്ത്‌ എന്നാണ്. മൂന്നാമന്‍ നമ്മുടെ കഥയിലെ പ്രധാന നായകന്‍ അവന്‍ കണ്ടാല്‍ വളരെ പാവം. കയ്യിലിരിപ്പോ അത് പറയാതിരിക്കാ നല്ലത്. പക്ഷെ ആരുകണ്ടാലും ഇത്രേം നല്ല കുട്ടി വേറെ കാണില്ല. അവന്റെ പ്രധാന വിനോദം ഒന്നാം നിലയില്‍നിന്നു താഴോട്ടു ചാടുക്ക, ഒന്നാം നിലയില്‍ നിന്ന് കോണി കയറി വരുന്ന സ്ഥലത്തേക്ക് ചാടുക, ഇതൊക്കെ ആയിരിന്നു. ഇത്രയും കേട്ട നിങ്ങള്‍ പോലും പറയും അവനുയോജിച്ച പേര് അന്തകേട്‌ എന്നാണ്. അടുത്തവന്‍ അവനെ അങ്ങോട്ട്‌ മുഴുവനായി അവന്‍ എന്ന് വിളിക്കാന്‍ പറ്റുമോ എന്നോരുസംശയം ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ ഏടത്തിയമ്മ എന്ന് വിളിച്ചു. അടുത്തത്‌, അവന്‍ എന്റെ സന്തത സഹചാരി  തൊട്ടടുത്തിരിക്കുന്ന എനിക്കുപോലും എന്തെല്ലാം പാര വരും എന്നൊരു നിശ്ചയവും ഇല്ല. അവനാണ് എല്ലാവര്ക്കും പേര് കണ്ടെത്തലും. അപ്പോള്‍ പിന്നെ അവനു ഒരു പേരിടല്‍ ഞങ്ങളുടെ ഉത്തരവാദിത്തം ആയിരിന്നു .അവന്‍ വളരെ മെലിഞ്ഞു ആരോഗ്യം കുറഞ്ഞവനായതുകൊണ്ട് അവനു ടെസ്റ്റ്‌ട്യൂബ് ശിശു  എന്നിട്ടു. പിന്നെ ഉള്ളത് ഞാനല്ലേ എനിക്ക് ഞാന്‍ പഠിച്ച ക്ലാസ്സുകലെക്കള്‍ കൂടുതല്‍ ഇരട്ടപെരുണ്ടായിരുന്നതിനാല്‍ അന്നെന്തു പേരിലാണ് അറിയപെട്ടിരുന്നത്  എന്നെനിക്ക് സത്യമായും ഓര്‍മയില്‍ ഇല്ല. അപ്പോള്‍ നമുക്ക്  ആ സംഭവത്തിലോട്ടു പോകാം .


                      അന്തകേടിനു സ്ഥിരമായി ബാഗില്‍ കൂറഗുളിക ഇടുന്ന ശീലം ഉണ്ടായിരിന്നു.അന്നുവരെ ഞങ്ങള്‍ക്കാര്‍ക്കും ഈ വിഷയം അറിയില്ലായിരിന്നു.  ഉച്ചഭക്ഷണത്തിനുശേഷമുള്ള ക്ലാസ്സ്‌ സമയം. ഞങ്ങളുടെ   സ്വന്തം അന്നമ്മ ടീച്ചര്‍ ക്ലാസ്സ്‌ എടുക്കുന്ന സമയം . ഇവന്‍ ബാഗുതുറന്നു നോക്കിയപ്പോള്‍   അവന്റെ ബാഗ് തുറന്നു കൂറഗുളിക ആരോ പുറത്തെടുത്തിട്ടുണ്ട് എന്ന് മനസിലായി.ബാക്കി ബാഗിലുള്ളത് ഒന്ന് മാത്രം. അതെടുത്ത് അവന്‍ എനിക്ക് നീട്ടി 'ഇന്നാട ഗ്യാസ്‌ മിഠായി കഴിച്ചോ 'എന്ന് പറഞ്ഞു. എനിക്കത് കണ്ടപ്പോള്‍ തന്നെ ഗ്യാസ്മിടായി അല്ലെന്നും കൂറഗുളിക ആണെന്നും മനസിലായി. എന്നാലും അവനെ ഒന്ന് ടെന്‍ഷന്‍ അടിപ്പിക്കാന്‍ വേണ്ടി വായിലേക്ക് കൊണ്ടുപോയി. ഇത് കണ്ട ടെസ്റ്റ്‌ട്യൂബ് എന്നോടുള്ള സ്നേഹംകൊണ്ടാണോ അതോ അടുത്ത ദിവസം അവധിയായതിനാല്‍ ഞാനങ്ങു തട്ടിപോയാലും ഒരവധി കിട്ടാതെ പോകുമോ എന്നോര്‍ത്തിട്ടാണോ  എന്നറിയില്ല എന്റെ കയ്യില്‍നിന്നു അതു തട്ടിപറച്ചു. 'ഇത് കൂറഗുളികയാടാ അല്ലാതെ ഗ്യാസുമിഡായിയൊന്നുമല്ല 'എന്നും പറഞ്ഞു അവന്‍ ഇരിക്കുന്ന സീറ്റിന്റെ പിന്നില്‍ അതുവച്ചു. പിന്നില്‍ ഇരിക്കുന്നവന്‍  അവിടെനിന്നു അതെടുത്തു. അന്നമ്മ ടീച്ചര്‍ ഇതൊന്നും അറിഞ്ഞമട്ടില്ല. അവരങ്ങിനെ വിശദമായി ക്ലാസ്സ്‌ എടുത്തുകൊണ്ടിരിക്കാനു. ഞങ്ങളാണേല്‍ അടുത്ത കുരുത്തകേടുകളിലെക്കും. അങ്ങിനെ ക്ലാസ്സ്‌ മുഴുവന്‍ കൂറഗുളികയുടെ സുഗന്ധം പരന്നു. പെട്ടന്നാണ് അത് സംഭവിച്ചത്‌ അവാര്‍ഡ്‌ കിട്ടാത്തതിന് ബോധം പോയ മണിയെ പോലെ ഒരു പെണ്‍കുട്ടിയുടെ ബോധം പോയി. എന്നുമാത്രമല്ല ആ കുട്ടിക്ക് ശ്വാസവും കിട്ടുന്നില്ല. ക്ലാസ്സില്‍ ആകെ പരിഭ്രാന്തി. അപ്പോഴാണ്‌ നമ്മുടെ അന്നമ ടീച്ചര്‍   അറിയുന്നത് ക്ലാസ്സില്‍ എന്തോ മണമുണ്ടെന്ന്. ആ മണം എന്തിന്റെയാണെന്നു കണ്ടുപിടിക്കാന്‍ പോലീസ്‌നായയെ ഒന്നും കൊണ്ടുവരേണ്ടി വന്നില്ല. ഞങ്ങള്‍ ഒഴിച്ച് ബാക്കി  എല്ലാരും പറഞ്ഞു കൂറഗുളികയുടെ മണമാണെന്ന്. അപ്പോഴേക്കും പ്രിന്‍സിപ്പാള്‍ എത്തി. പിന്നീട് ഞങ്ങളുടെ ബോധം പോകാറായപ്പോഴേക്കും  ആ കുട്ടിക്ക് ബോധം വന്നു,ശ്വാസവും കിട്ടി.  പക്ഷെ വകുപ്പ് ചില്ലറയാണോ കൊലപാതകശ്രമമല്ലേ. പ്രിന്സിപ്പലുണ്ടോ വിടുന്നു. അദ്ദേഹം എല്ലാരോടും ചോദിച്ചു 'ആരാണ് ക്ലാസ്സില്‍ കൂറഗുളിക കൊണ്ടുവന്നതെന്ന്. ആരേലും ഉണ്ടോ മറുപടി പറയുന്നു. ഞാനും ടെസ്റ്റ്‌ടുബും അപ്പോള്‍ തന്നെ അന്തകേടിനോട് പറഞ്ഞു കുറ്റം ഏറ്റുപറയാന്‍. കാരണം അദ്ദേഹം മാന്യമായ രീതിയിലാണ് പറഞ്ഞത്‌ നിങ്ങള്‍ ആര് കൊണ്ട് വന്നതായാലും  അത് ഈ ക്ലാസ്സ്‌ വിട്ടു പുറത്തുപോകില്ല. അറിഞ്ഞിരിക്കാന്‍ വേണ്ടി മാത്രമാണ് ചോദിക്കുന്നത്. ആണ്‍കുട്ടികള്‍ക്ക് എല്ലാവര്ക്കും അറിയാമെങ്കിലും ആരും പറഞ്ഞില്ല. ഇവനാണേല്‍ നല്ലപേരുപോകുന്നത് ഭയന്നും,അങ്ങിനെ ഒരു സ്വഭാവ കാരനായതുകൊണ്ടും ഞങ്ങളോട് പറയെരുതെന്നും പറഞ്ഞു. അദ്ദേഹം ആണെങ്കില്‍ ഒഴിവാക്കാനും തയ്യാറല്ല.ഞാന്‍ ഫസ്റ്റ് ബെഞ്ചില്‍ ഇരിക്കുന്നവരോട് ചോദിക്കും അവര്‍ പറഞ്ഞാല്‍ ഞാന്‍ ഈ പ്രശ്നം ഇവിടെ വിടാം അല്ലേല്‍ പിന്നെ ഗുരുതരമായിരിക്കും എന്നും പറഞ്ഞു. ആദ്യചോദ്യം ടെസ്റ്റ്‌ടുബിനോട് അവന്‍ ചോദിക്കുനതിനു മുന്നേ പറഞ്ഞു അവനറിയില്ല എന്ന്. ഈ പ്രിന്സിപ്പാലണേല്‍ അവന്റെ അയല്‍വാസിയും. അടുത്ത ചോദ്യം എന്നോട് ഉത്തരം തഥൈവ. അടുത്ത ദിവസ്സം ഞാനിത് കണ്ടുപിടിക്കുകയും ആരാണെലും വീട്ടില്‍നിന്നും ആളെകൊണ്ടുവന്നു പിന്നെ ക്ലാസ്സില്‍ കേറിയാല്‍ മതി എന്നും പറഞ്ഞു പ്രിന്‍സിപ്പാള്‍ പോയി. അവനുറപ്പായിരിന്നു ആരും പോയി പറയില്ല. ഞങ്ങളെല്ലാം ഉറച്ച്തീരുമാനം എടുത്തു ഇനി എന്തായാലും ആരോടും ഒന്നും പറയാന്‍ പോകുന്നില്ല. പക്ഷെ ചില തീരുമാനങ്ങള്‍ എത്ര പാറപോലെ ഉറച്ചതാനെന്നു പറഞ്ഞാലും അതും തകര്ന്നുതാഴെപോകും എന്ന് അധികം താമസിയാതെ ഞങ്ങള്‍ക്ക് മനസ്സിലായി. അടുത്ത ദിവസം ക്ലാസ്സ്‌ തുടങ്ങിയപ്പോള്‍ തന്നെ അതിന്റെ ഒരു പന്തികേട് ഞങ്ങള്‍ക്ക് മനസിലായി.ആദ്യം ഓഫീസിലേക്ക് വിളിപ്പിച്ചത് അലമ്പനെ ആയിരിന്നു. അവന്‍ ചിരിച്ചു പോയി ചിരിച്ചു തന്നെ വന്നു. അടുത്തത്‌ അന്തകേടിന്റെ ഊഴം ആണ്. അവന്‍ പോകുമ്പോലെ എല്ലാരും പറഞ്ഞു ധൈര്യമായി പോയിക്കോ ഇനി ഒന്നും പറയണ്ട.നമ്മള്‍ പറയാതെ ഇവിടെ ആരും ഒന്നും അറിയാന്‍ പോകുന്നില്ല.പക്ഷെ അവന്‍ തിരിച്ച് വന്നത് വിളറി വെളുതോണ്ടായിരിന്നു. നീ എല്ലാം പറഞ്ഞോട. ഞങ്ങള്‍ ചോദിച്ചു. ഞാന്‍ കൂരഗുളിക കൊണ്ടുവന്നു പക്ഷെ പൊട്ടിച്ചത്‌ ഞാനല്ല ഞാന്‍ നിനക്ക് തരിക മാത്രമേ ചെയ്തുള്ളൂ എന്ന് പറഞ്ഞു. പണി വരുന്ന ഓരോ വഴികളെ . അടുത്ത വിളി എന്നെ ആയിരിന്നു. അവര്‍ എന്നോട് ഒന്നേ ചോദിച്ചുള്ളൂ ഞങ്ങള്‍ക്കെല്ലാംഅറിയാം പക്ഷെ എന്തുകൊണ്ട് ഇന്നലെ ചോദിച്ചിട്ടും നീ പറഞ്ഞില്ല. അങ്ങിനെ ഞാന്‍ കൂറഗുളിക കേസിലെ രണ്ടാം പ്രതിയായി. മാത്രമല്ല, അതുവരെ അവിടെ നടന്ന എല്ലാ കേസുകളും തലക്കിടാന്‍ ഒരു ശ്രമവും എനിക്ക് മണക്കാതിരുന്നില്ല. അതിനു വേണ്ടി അവര്‍ പലതും എന്നെ കൊണ്ട് എഴുതിച്ചു നോക്കി. അല്ലേലും ഇങ്ങനെ ഉള്ള കാര്യങ്ങള്‍ക്കെല്ലാം എല്ലാവരും  പ്രചോദനം ഉള്‍കൊള്ളുന്നത്  പോലീസില്‍ നിന്നാണല്ലോ. പിന്നെ ഒന്നും അധികം താമസിച്ചില്ല ഞങ്ങള്‍ എല്ലാ പ്രതികളും ക്ലാസ്സില്‍ നിന്ന് പുറത്തു. വീട്ടില്‍ നിന്ന് ആളെ വിളിച്ചു കേറിയാല്‍ മതി എന്ന ഉത്തരവും. പിന്നീട് എന്തെല്ലാം ഉണ്ടായിക്കാണും എന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ. പവനായി ശരിക്കും ശവമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.എന്നാലും ആരായിരിക്കും ഞങ്ങളെ ഒറ്റികൊടുത്തത്‌ . ഇന്നും അതിന്‍റെ ഉത്തരമറിയാന്‍ ഞങ്ങള്‍ക്കായിട്ടില്ല.  ഉറപ്പൊന്നും ഇല്ലേലും ഞങ്ങള്‍ ഒരുത്തനെ സംശയിച്ചു അവന്റെ തലയില്‍ ആ പൊന്‍തൂവല്‍ വച്ചു കൊടുക്കുകയും ചെയ്തു. ഇന്നിതെല്ലാം ആലോചിക്കുമ്പോള്‍ നല്ല രസം തന്നെ ആണേലും അന്നനുഭവിച്ച ടെന്‍ഷന്‍ ചില്ലറയൊന്നുമല്ല. 

5 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

പൊടി മോനേ നന്നായിട്ടുണ്ട് ...
ഓര്‍മകളുടെ മാധുര്യത്തിനു പകരം വെക്കാന്‍ മറ്റൊന്നുമില്ല ...അടുത്തത്
"നയ്ക്കരുണപൊടി "ക്കായി കാത്തിരിക്കുന്നു

Unknown പറഞ്ഞു...

പൊടി മോനേ നന്നായിട്ടുണ്ട് ...
ഓര്‍മകളുടെ മാധുര്യത്തിനു പകരം വെക്കാന്‍ മറ്റൊന്നുമില്ല ...അടുത്തത്
"നയ്ക്കരുണപൊടി "ക്കായി കാത്തിരിക്കുന്നു

വേണുഗോപാല്‍ പറഞ്ഞു...

കൊള്ളാം ..
നന്നായെഴുതി ..
ബാക്കി കൂടി പോന്നോട്ടെ നാട്ടു വിശേഷങ്ങള്‍ ..

ഒരു കുഞ്ഞുമയിൽപീലി പറഞ്ഞു...

ഈ ഓര്‍മ്മകുറിപ്പുകള്‍ ആസ്വദിച്ചു കേട്ടോ ഞങള്‍ വിളിക്കുന്ന ഇരട്ടപേര് ഞാന്‍ ഇവിടെ ഉറക്കെ വിളിക്കട്ടെ :) ഒത്തിരി ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി

AnuRaj.Ks പറഞ്ഞു...

കിട്ടിയത് വിഴുങ്ങിയ ആ പെണ്ണിനെപറഞ്ഞാല് മതിയല്ലോ...അനുഭവം നന്നായി അവതരിപ്പിച്ചു